യുവതിയെ ഇരുപതോളം പേർ ചേർന്ന് പീഡിപ്പിച്ച സംഭവം,ഉദുമ പടിഞ്ഞാർ സ്വദേശി അറസ്റ്റിൽ

Latest പ്രാദേശികം

ബേക്കൽ ∙ ഉദുമയിലെ ഭർതൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി ഇരുപതോളം പേർ ചേർന്നു പീഡിപ്പിച്ച കേസിൽ ഒരാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഉദുമ പടിഞ്ഞാറിലെ അബ്ദുൽഗഫൂറിനെ(32)യാണു കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.പി.പ്രേമരാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ ഹൊസ്ദുർഗ് കോടതി രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു. യുവതിയുടെ പരാതിയിൽ ഒരു വർഷം മുൻപു ബേക്കൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.

എന്നാൽ അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ചു യുവതി ഹൈക്കോടതിയെ സമീപിച്ചു. ജില്ലയ്ക്കു പുറത്തുള്ള ടീമിനു അന്വേഷണം കൈമാറണമെന്നു കോടതി ഉത്തരവിട്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആലക്കോട് സ്റ്റേഷനിലെ സിഐ കെ.വിനീഷ്കുമാർ, എഎസ്ഐ കെ.പ്രകാശൻ, പരിയാരം സ്റ്റേഷനിലെ സിനിയർ സിവിൽ പൊലീസ് ഓഫിസർ രതീഷ് കുന്നൂൽ, സിവിൽ പൊലീസ് ഓഫിസർ കെ.ഷീന എന്നിവരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിച്ചു.കാസർകോട്ടെ പൊലീസുകാരുടെ സഹായത്തോടെയാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ 2 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ മുൻകൂർ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു. മറ്റു പ്രതികൾ ഗൾഫിലാണെന്നും ഇവരെ കണ്ടെത്തുന്നതിനായി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നു ഡിവൈഎസ്പി ടി.പി.പ്രേമരാജൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *