തിരുവനന്തപുരം: കോവിഡ് രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മദ്യശാലകളും അടച്ചിട്ടിരിക്കുകയാണ്. ഇതിനിടയിലാണ് 250 കുപ്പി മദ്യവുമായി ഒരാൾ പൊലീസ് പിടിയിലായത്. ഇയാൾ തമിഴ്നാട്ടിൽ നിന്നും മദ്യം ഒളിപ്പിച്ചു കൊണ്ടുവന്ന് കച്ചവടം നടത്തി വരികയായിരുന്നു. മദ്യവുമായി എത്തിയ ഇയാളെ പിടികൂടിയതായി ഐ ജി പിയും സിറ്റി പൊലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യയ അറിയിച്ചു.
വിഴിഞ്ഞം പഴയപള്ളിക്ക് സമീപം തുപ്പാശിക്കുടിയിൽ പുരയിടത്തിൽ എഡ്വിൻ (39) ആണ് അറസ്റ്റിലായത്. വിഴിഞ്ഞം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി അമിത വിലയ്ക്ക് വിൽക്കാൻ വേണ്ടിയാണ് പ്രതി മദ്യം കടത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ നിയമപ്രകാരം ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളതുമായ ഇയാളെ കോട്ടപ്പുറം പുതിയ പള്ളിക്ക് സമീപം നിന്നാണ് മദ്യവുമായി അറസ്റ്റ് ചെയ്തത്.