വീടും സ്ഥലവും വാഗ്ദാനം നൽകി 20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാരോപിച്ച് വീട്ടുപടിക്കൽ സമരം നടത്തിയ വീട്ടമ്മയ്ക്ക് നേരെ അക്രമം

Latest ഇന്ത്യ കേരളം പ്രാദേശികം

കാസർകോട്: വീടും സ്ഥലവും വാഗ്ദാനം നൽകി 20 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാരോപിച്ച് റിയൽ എസ്റ്റേറ്റ് കച്ചവടക്കാരൻ ചൂരിയിലെ സത്താറിന്റെ വീടിനുമുന്നിൽ അനിശ്ചിതകാല സമരം നടത്തിവരുന്ന ബീഫാത്തിമയെ (46) ഒരു സംഘം ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. സമരം താൽക്കാലികമായി നിർത്തി തിരിച്ചു വരികയായിരുന്ന ബീഫാത്തിമയെ റോഡിൽ വച്ച് ആക്രമിക്കുകയായിരുന്നു.പൊലീസ് എത്തി ഇവരെ കാസർകോട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അക്രമി സംഘം പൊലീസിനെ കണ്ടപ്പോൾ ഓടിരക്ഷപ്പെട്ടു. സത്താറും ഭാര്യ സാജിതയും മറ്റു രണ്ടുപേരുമാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റ ബീഫാത്തിമ പൊലീസിനോട് പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബീഫാത്തിമയെ കാസർകോട് നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചു.കുണിയ സ്വദേശിയായ ബീഫാത്തിമയ്ക്ക് കാസർകോട് നായന്മാർമൂലയിൽ വീടും സ്ഥലവും രജിസ്റ്റർ ചെയ്തു നൽകാമെന്ന് പറഞ്ഞു സത്താർ 20 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. ഒരു വർഷം ആയിട്ടും വീടും സ്ഥലവും രജിസ്റ്റർ ചെയ്തു നല്കാത്തതിനെ തുടർന്ന് ബീഫാത്തിമ പരാതി നൽകി. ഇതേ തുടർന്ന് സത്താർ, നൗഷാദ് എന്നിവരുടെ പേരിൽ വിദ്യാനഗർ പൊലീസ് കേസെടുത്തു. നൗഷാദ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം എടുത്തു. എന്നാൽ സത്താർ ജാമ്യം എടുക്കാനോ പൊലീസ് സ്റ്റേഷനിൽ ഹാജരാകാനോ തയ്യാറായിരുന്നില്ല.ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബീഫാത്തിമയെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജമീല അഹമ്മദ്,രാഷ്ട്രീയ സംഘടന നേതാക്കളായ സുബൈർ പടുപ്പ്, മുഹമ്മദ് കുഞ്ഞി ബോവിക്കാനം, അമ്പലത്തറ കുഞ്ഞികൃഷ്ണൻ അജിത് കുമാർ ആസാദ് തുടങ്ങിയവർ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *