ഗസ്സ : ഈദ് ദിനത്തിലും ഗസ്സക്ക് നേരെ ഇസ്രായേൽ സൈന്യം ആക്രമണം തുടരുന്നു.ഇസ്രയേൽ യുദ്ധവിമാനങ്ങൾ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയും ഗസ്സയിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്തി. കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 87 ആയി ഉയർന്നെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരിൽ 18 കുട്ടികളും എട്ട് സ്ത്രീകളും ഉൾപ്പെടും. 508ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
തങ്ങളുടെ ഗസ്സ സിറ്റി കമാൻഡർ ബസ്സിം ഇസ്സ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. മുതിർന്ന നേതാക്കളും ഇദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടിട്ടുണ്ട്. പലസ്തീൻ സുരക്ഷാ സേനയുടെയും പൊലീസിന്റെയും കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.