ആഗ്ര: രാജ്യത്ത് കോവിഡ് 19 ന്റെ രണ്ടാം വ്യാപനം അതിരൂക്ഷമായ നിലയിൽ വ്യാപിച്ചിരിക്കുകയാണ്. ആശുപത്രികളിൽ കിടക്കകൾ കിട്ടാനില്ലാത്ത അവസ്ഥയിലേക്കാണ് ഇപ്പോൾ സാഹചര്യങ്ങൾ എത്തിയിരിക്കുന്നത്. കോവിഡ് ബാധിതയായ ഭാര്യയ്ക്ക് ആശുപത്രി കിടക്ക കിട്ടാൻ വേണ്ടി മണിക്കൂറുകൾ അലയേണ്ടി വന്നിരിക്കുന്നത് ഒരു ബി ജെ പി എം എൽ എയ്ക്കാണ്. ബി ജെ പി എം എൽ എ ആയ രാംഗോപാൽ ലോധിക്കാണ് ഇത്തരമൊരു അവസ്ഥയെ നേരിടേണ്ടി വന്നത്. ഉത്തർപ്രദേശിലെ ഫിറോസബാദ് ജില്ലയിലെ ജസ്റാനയിൽ നിന്നുള്ള എം എൽ എ ആണ് അദ്ദേഹം. ആഗ്രയിലാണ് എം എൽ എയുടെ ഭാര്യയ്ക്ക് ഒരു ആശുപത്രി ബെഡ് ലഭിക്കാൻ മണിക്കൂറുകൾ അലയേണ്ടി വന്നത്.
കോവിഡ് സ്ഥിരീകരിച്ച ആദ്യഘട്ടത്തിൽ ഫിറോസാബാദിലെ ആശുപത്രിയിലായിരുന്നു എം എൽ എയുടെ ഭാര്യ സന്ധ്യ ചികിത്സ തേടിയിരുന്നത്. എന്നാൽ, പിന്നീട് ആഗ്രയിലെ കോവിഡ് 19 ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് രാംഗോപാൽ ലോധി ഫിറോസാബാദിലെ ഓം ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. ഇക്കാരണത്താൽ ആഗ്രയിലെ കോവിഡ് ആശുപത്രിയിലേക്ക് ഭാര്യയെ മാറ്റിയപ്പോൾ ഭാര്യയ്ക്കൊപ്പം പോകാൻ കഴിഞ്ഞില്ല.
എന്നാൽ, ആഗ്രയിലെ കോവിഡ് ആശുപത്രിയിൽ എത്തിയ സന്ധ്യയ്ക്ക് ബെഡ് ലഭിച്ചില്ല. ആശുപത്രിയിൽ ബെഡ് ഇല്ലെന്നും അതിനാൽ മടങ്ങിപ്പോകണമെന്നും ആശുപത്രിയിലെ ഗാർഡുമാർ അറിയിച്ചു. ഇതിനെ തുടർന്ന് എം എൽ എ ആഗ്ര ജില്ല മജിസ്ട്രേറ്റ് ആയ പ്രഭു എൻ സിംഗിനെ ബന്ധപ്പെട്ടു. മണിക്കൂറുകൾക്ക് ഒടുവിൽ എം എൽ എയുടെ ഭാര്യയെ ആഗ്രയിലെ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, ആശുപത്രിയിൽ ഭാര്യയെ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ 24 മണിക്കൂർ നേരമായി ഭാര്യയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്ന് എം എൽ എ ഒരു മാധ്യമത്തിനോട് പറഞ്ഞു. ആശുപത്രിയിലെ ആരെയെങ്കിലും ബന്ധപ്പെടാൻ തനിക്കും സാധിക്കുന്നില്ലെന്നും എം എൽ എ പറഞ്ഞു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയെങ്കിലും എം എൽ എ ലോധിയുടെ ആരോഗ്യനില മോശമാണ്. അതിനാൽ തന്നെ ആഗ്രയിലേക്ക് യാത്ര ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ല.
താൻ എം എൽ എ ആയിരുന്നിട്ടും ഭാര്യക്ക് സർക്കാർ ആശുപത്രിയിൽ കിടക്ക ഒരുക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സ്ഥിതി എത്ര മോശമായിരിക്കുമെന്ന് അദ്ദേഹം ഒരു മാധ്യമത്തിനോട് സംസാരിക്കവെ ചോദിച്ചു.