പത്തനംതിട്ട: കനറാ ബാങ്ക് ശാഖയിൽ കോടികളുടെ തട്ടിപ്പ്. ബാങ്കിലെ ജീവനക്കാരനായ കൊല്ലം സ്വദേശി വിജീഷ് വർഗീസാണ് വിവിധ ഇടപാടുകാരുടെ പണം തട്ടിയെടുത്ത് മുങ്ങിയത്.
14 മാസത്തിനിടെ ഏകദേശം 8.13 കോടി രൂപ ഇയാൾ വിവിധ അക്കൗണ്ടുകളിൽനിന്ന് തട്ടിയെടുത്തതായാണ് കണ്ടെത്തൽ. ക്രമക്കേട് കണ്ടെത്തിയതോടെ ഒളിവിൽപോയ ഇയാൾക്കായി അന്വേഷണം തുടരുകയാണ്.
ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്.
ദീർഘകാലത്തെ സ്ഥിരനിക്ഷേപങ്ങളിൽനിന്നും കാലാവധി കഴിഞ്ഞിട്ടും പണം പിൻവലിക്കാത്ത അക്കൗണ്ടുകളിൽനിന്നുമാണ് വിജീഷ് വർഗീസ് പണം തട്ടിയെടുത്തിരുന്നത്.
തട്ടിപ്പിൽ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് നിലവിലെ കണ്ടെത്തൽ. അതേസമയം, ഇത്രയും വലിയ ക്രമക്കേടുകൾ തടയാൻ കഴിയാത്തതിൽ ബാങ്ക് മാനേജർ അടക്കം അഞ്ച് ജീവനക്കാരെ അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്.