കോവിഡ് മഹാമാരി സുനാമിയായി ആഞ്ഞടിച്ചും ഇടയ്ക്കൊന്ന് പിന്‍വാങ്ങിയും വീണ്ടും ആഞ്ഞടിച്ചുമെല്ലാം ലോകരാജ്യങ്ങളെ പിടിച്ചുലയ്ക്കുകയാണ്. എന്നാല്‍ കോവിഡിന്‍റെ പ്രഭവ കേന്ദ്രമായ വുഹാനിലുള്ളവര്‍ ഇങ്ങനെയൊരു വൈറസിനെ തന്നെ മറന്നുപോയെന്ന് തോന്നും അടുത്തിടെ പുറത്തുവന്ന വീഡിയോ കണ്ടാല്‍.
പലരും മാസ്ക് ഇടാതെയും സമൂഹ്യ അകലം പാലിക്കാതെയുമാണ് സംഗീതോത്സവത്തില്‍ പങ്കെടുത്തത്. മെയ് ദിനം മുതല്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സ്ട്രോബെറി സംഗീതോത്സവത്തിലാണ് ആളുകള്‍ ഒത്തുകൂടിയത്. കഴിഞ്ഞ വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ആഘോഷങ്ങള്‍ ഓണ്‍ലൈനിലായിരുന്നു.
ഇത്തവണയും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സംഗീതോത്സവ സംഘാടകര്‍ അറിയിച്ചത്. ഏകദേശം 11,000 പേര്‍ പങ്കെടുത്തു. ചൈനയിലെ പ്രമുഖ ബാൻഡുകളും ഗായകരും അണിനിരക്കുന്ന ഫെസ്റ്റ് വുഹാനിലെ ഗാർഡൻ എക്സ്പോ പാർക്കിലാണ് നടന്നത്.