മുംബൈ: ഭർത്താവിനെ കൊലപ്പെടുത്തി മൂന്ന് കഷ്ണമാക്കി വീട്ടിലെ അടുക്കളിയിൽ കുഴിച്ചിട്ട സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. കാമുകന്റെ സഹായത്തോടെയായിരുന്നു ഇരുപത്തിയേഴ് വയസ്സുള്ള യുവതി ഭർത്താവിനെ കൊന്ന് കുഴിച്ചു മൂടിയത്.
യുവതിയുടെ ആറ് വയസ്സുള്ള മകൾ സംഭവങ്ങൾക്ക് ദൃക്സാക്ഷിയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ കുട്ടിയാണ് സംഭവങ്ങൾ വെളിപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശിയായ റയീസ് ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. റയീസിന്റെ ഭാര്യ ഷാഹിദ ഷെയ്ഖ് ആണ് അറസ്റ്റിലായത്.
2012 ലാണ് റയീസും ഷാഹിദയും വിവാഹിതരാകുന്നത്. മുംബൈയിൽ ജോലി അന്വേഷിച്ച് എത്തിയതായിരുന്നു ഇരുവരും. ആറ് വയസ്സുള്ള മകളും രണ്ട് വയസ്സുള്ള മകനും ഇവർക്കുണ്ട്.
കൊലപാതകത്തിൽ ഷഹീദയേയും കാമുകൻ അനികേത് എന്ന അമിത് മിശ്രയേയും കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഷഹീദ താമസിച്ച വീടിന്റെ അടുക്കളയിൽ നിന്ന് 11 ദിവസം പഴക്കമുള്ള റയീസിന്റെ മൃതദേഹം പൊലീസ് പുറത്തെടുത്തിരുന്നു.
അടുക്കളയിൽ മൂന്നടി താഴ്ച്ചയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. പന്ത്രണ്ട് മണിക്കൂറോളം കുഴിച്ചാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്.