ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെയോർത്ത് വിങ്ങിപ്പൊട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് നെറ്റിസൺസ്. വെള്ളിയാഴ്ച സ്വന്തം മണ്ഡലമായ വാരാണസിയിലെ ആരോഗ്യ പ്രവർത്തകരുമായി മോദി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് സംഭവം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയുന്നതിനിടെ വിങ്ങിപ്പൊട്ടുകയും കണ്ണീരണിയുകയുമായിരുന്നു.
‘കാശിയിലെ ഒരു സേവകനെന്ന നിലയിൽ, വാരാണസിയിലെ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. പ്രത്യേകിച്ച് പ്രശംസനീയമായ രീതിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരോടും നഴ്സുമാരോടും ടെക്നീഷ്യൻമാരോടും വാർഡ് ബോയ്മാരോടും ആംബുലൻസ് ഡ്രൈവർമാരോടും’ -മോദി പറഞ്ഞു.
കോവിഡ് -കോവിഡ് ഇതര ആശുപത്രി പ്രവർത്തനങ്ങളെക്കുറിച്ചും മോദി സംസാരിച്ചു. എല്ലാ ശ്രമങ്ങൾ നടത്തിയിട്ടും പകർച്ചവ്യാധി പിടിമുറുക്കി. നിരവധി ജീവനുകൾ നഷ്ടപ്പെട്ടു -എന്ന വാക്കുകൾക്ക് ശേഷം വികാരാധീനനാകുകയായിരുന്നു. വൈറസിനെ ഒരുവിധം പിടിച്ചുകെട്ടാൻ സാധിച്ചു. എന്നു കരുതി പ്രവർത്തനങ്ങളിൽ അലംഭാവം കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.