ഈ വർഷത്തെ ഏറ്റവും വലിയ പൂർണ ചന്ദ്രൻ അല്ലെങ്കിൽ ‘സൂപ്പർമൂൺ’ ഇന്ന് (മെയ് 26) ദൃശ്യമാവും. സൂപ്പർ മൂണിനൊപ്പം ചന്ദ്രഗ്രഹണം കൂടി സംഭവിക്കുമെന്നതാണ് ഇന്നത്തെ ആകാശ പ്രതിഭാസത്തിന്റെ പ്രത്യേകത. ഭൂമിയോട് ചന്ദ്രൻ ഏറ്റവും അടുക്കുന്ന ദിവസമെന്ന പ്രത്യേകത കൂടി ഈ ദിവസത്തിനുണ്ട്.
ഇന്നത്തെ ആകാശ പ്രതിഭാസം ഈ വർഷത്തെ ഏക പൂർണ ചന്ദ്രഗ്രഹണമാണ്. 2019 ജനുവരിക്ക് ശേഷം ഇതാദ്യമാണ് പൂർണ ചന്ദ്രഗ്രഹണം. ഒപ്പം ആറ് വർഷത്തിന് ശേഷം ഇതാദ്യമാണ് സൂപ്പർമൂണും ചന്ദ്രഗ്രഹണവും ഒന്നിച്ച് വരുന്നത്.
ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്തായിരിക്കുമ്പോഴും ചന്ദ്രൻ ഒരു പൂർണ ചന്ദ്രനായിരിക്കുമ്പോഴും ഒരു സൂപ്പർമൂൺ സംഭവിക്കുന്നുവെന്ന് നാസ കുറിക്കുന്നു.