നീലേശ്വരം: കടലിൽ മീൻപിടിക്കാൻ പോയ ബോട്ട് അപകടത്തിൽപ്പെട്ടു.
കാഞ്ഞങ്ങാട് കടപ്പുറത്തെ മുരളിയുടെ ‘ഹനുമാൻ’ ബോട്ടാണ് പലകയിളകിയതിനെ തുടർന്ന് മുങ്ങിയത്. ഇതിലുണ്ടായിരുന്ന നാല് തൊഴിലാളികളെ രക്ഷപ്പെടുത്തി. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. വെള്ളിയാഴ്ച രാത്രി മീൻപിടിക്കാൻ പുറപ്പെട്ട ബോട്ട് പലകയിളകി വെള്ളം കയറാൻ തുടങ്ങിയത്.
പുലർച്ചെ 3.40-ഓടെ ഫിഷറീസ് റസ്ക്യൂ വിഭാഗത്തെ അപകടവിവരം അറിയിച്ചു. ഇവർ രക്ഷാപ്രവർത്തനത്തിനായി പുറപ്പെടുമ്പോഴേക്കും ബോട്ട് ഓടിച്ച് അഴിത്തല അഴിമുഖത്ത് എത്തിയിരുന്നു. എന്നാൽ കരയ്ക്കെത്തുന്നതിന് മുൻപ് ബോട്ട് പൂർണമായും വെള്ളത്തിൽ മുങ്ങി. ഇതിലുണ്ടായിരുന്ന തൊഴിലാളികളെ മറ്റൊരു തോണിയിൽ കരയ്ക്കെത്തിച്ചു.