കാഞ്ഞങ്ങാട് : ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ നിന്നു കോൺക്രീറ്റ് പാളി അടർന്നു വീണു സ്കൂട്ടറിൽ പോകുകയായിരുന്ന യാത്രക്കാരന് പരിക്കേറ്റു. ചീമേനിയിലെ ജോൺസന്റെ ദേഹത്തേക്കാണ് കോൺക്രീറ്റ് പാളി അടർന്നു വീണത്. കുറച്ചു മാറിയിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു. ഇദ്ദേഹത്തിന്റെ കയ്യിലേക്കാണു പാളി അടർന്നു വീണത്. അപകടത്തിൽ കൈക്കു മുറിവു പറ്റി.
സ്കൂട്ടറിനും കേടു പറ്റി. ഇദ്ദേഹത്തിനൊപ്പം ഭാര്യയും ഉണ്ടായിരുന്നു. ആശുപത്രിയിൽ പോയി തിരിച്ചു വരുന്നതിനിടെ ബസ് സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്താണ് അപകടം. ബസ് സ്റ്റാൻഡ് കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ട്. മുൻപും കോൺക്രീറ്റ് പാളി വീണ് അപകടങ്ങൾ സംഭവിച്ചിരുന്നു. കോവിഡ് നിയന്ത്രണം കാരണം ഇന്നലെ നഗരത്തില്‍ ആളുകള്‍ കുറവായിരുന്നു.