മൊഗ്രാല്‍ ▪️ മൊഗ്രാല്‍ ബീച്ചില്‍ അവധിദിവസങ്ങളിലെ വൈകുന്നേരങ്ങളില്‍ സന്ദര്‍ശകരെത്തുമ്പോള്‍ കുട്ടികള്‍ കടലില്‍ ഇറങ്ങുന്നത് അപായ ഭീഷണിയുയര്‍ത്തുന്നു. സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്ത ബീച്ചില്‍ പ്രദേശവാസികളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് കുട്ടികള്‍ കടലില്‍ ഇറങ്ങുന്നത്. കുട്ടികളുമൊത്ത് നൂറുകണക്കിന് സന്ദര്‍ശകരാണ് അവധിദിവസങ്ങളില്‍ മൊഗ്രാല്‍ ബീച്ചില്‍ എത്തുന്നത്.
തീരദേശവാസികളുടെ കുട്ടികളാണ് രക്ഷിതാക്കള്‍ അറിയാതെ കടലിലിറങ്ങി കളിക്കുന്നത്. ഇതാണ് നാട്ടുകാരെ ആശങ്കപ്പെടുത്തുന്നത്. തീരദേശ കോസ്റ്റല്‍ പോലീസ് സംവിധാനമുള്ളത് മൊഗ്രാല്‍ ബീച്ചില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയുള്ള ഷിറിയയിലാണ്. സ്റ്റേഷനിലാ ണെങ്കില്‍ തന്നെ സംരക്ഷണത്തിനാവശ്യമായ സംവിധാനങ്ങളും ഇല്ല.
വര്‍ഷങ്ങളായെങ്കിലും മൊഗ്രാല്‍ കൊപ്പളത്തിലെ ഖലീല്‍ എന്ന യുവാവ് കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചതിന്റെ ഞെട്ടല്‍ ഇതുവരെ പ്രദേശവാസികളുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. ഇതാണ് കുട്ടികള്‍ കടലില്‍ ഇറങ്ങുന്നത് നാട്ടുകാര്‍ ഭയക്കുന്നതും.
അപായ സാധ്യത മുന്നില്‍കണ്ട് സന്ദര്‍ശകര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
