നിയമസഭ തെര‍ഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ

Latest കേരളം

നിയമസഭ തെര‍ഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ. രാവിലെ എട്ട്മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. എട്ടരയോടെ ആദ്യഫലസൂചനകള്‍ പുറത്ത് വരും. നാലര ലക്ഷത്തോളം പോസ്റ്റല്‍ വോട്ട് എണ്ണാനുള്ളത് കൊണ്ട് അന്തിമഫലം വൈകാനാണ് സാധ്യത.ആഘോഷങ്ങളും ആഹ്ലാദപ്രകടനങ്ങളും ഒഴിവാക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളം കാത്തിരുന്ന തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ വിവിധ ജില്ലകളില്‍ സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണി മുതലാണ് ആരംഭിക്കുന്നത്.

ആദ്യം പോസ്റ്റല്‍ വോട്ട് എണ്ണും.അഞ്ച് ലക്ഷത്തി എണ്‍പത്തിനാലായിരത്തോളം പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്തതില്‍ നാല് ലക്ഷത്തി അന്പത്തി നാലായിരത്തോളം പോസ്റ്റല്‍ വോട്ട് കമ്മീഷനെ ഇതുവരെ തിരികെ ലഭിച്ചു.നാളെ രാവിലെ എട്ട് മണി വരെ തിരികെ ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും.സാധാരണ തെരഞ്ഞെടുപ്പിനേക്കാള്‍ മൂന്നരലക്ഷത്തോളം പോസ്റ്റല്‍ വോട്ട് അധികമായി എണ്ണാനുള്ളത് കൊണ്ട് തെരഞ്ഞെടുപ്പ് ഫലം വൈകാനാണ് സാധ്യത.ഫലമറിയാന്‍ മാധ്യമങ്ങള്‍ക്ക് നേരത്തെ നല്‍കിയിരുന്ന സംവിധാനം കമ്മീഷന്‍ ഇത്തവണ ഒഴിവാക്കി.പകരം പിആര്‍ഡി വഴി പ്രത്യേക സംവിധാനമാണ് ഒരുക്കുന്നത്.കമ്മീഷന്‍ വെബ്സൈറ്റിലൂടെയും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന ആപ്പിലൂടെയും ഫലമറിയാമെന്നാണ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

രാവിലെ എട്ടരയോടെ ആദ്യഫലസൂചനകള്‍ പുറത്ത് വരും.ഒന്പതരയോടെ കേരളം ആര്‍ക്കൊപ്പമെന്ന ട്രെന്‍ഡ് മനസിലാക്കാം. ഇഞ്ചോടിഞ്ച് പോരാട്ടമാണെങ്കില്‍ അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കുമെന്നറിയാന്‍ അന്തിമഫലം വരുന്നത് വരെ കാത്തിരിക്കേണ്ടി വരും. നാളെ ആഘോഷങ്ങളും ആഹ്ലാദപ്രകടനങ്ങളും ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ക്കും കൌണ്ടിംങ് ഏജന്‍റുമാര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതുജനം വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെക്ക് എത്താതെ വീട്ടിലിരുന്ന ഫലം അറിയണമെന്നാണ് സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന.

Leave a Reply

Your email address will not be published. Required fields are marked *