സുരേന്ദ്രന്റെ വാദം പൊളിയുന്നു; പ്രസീതയുമായി നടത്തിയ വാട്സാപ്പ് സന്ദേശത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്

Latest കേരളം

സി.കെ ജാനുവിന്‍റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രനും ജെ.ആർ.പി നേതാവ് പ്രസീതയും തമ്മിൽ നടത്തിയ ആശയ വിനിമയത്തിന്‍റെ കൂടുതൽ തെളിവുകൾ പുറത്ത്. ഇരുവരും തമ്മിലുള്ള വാട്സാപ്പ് സന്ദേശം മീഡിയവണിന് ലഭിച്ചു. ജാനുവുമായി സംസാരിക്കാൻ ഇടനിലക്കാരുടെ ആവശ്യമില്ലെന്നായിരുന്നു സുരേന്ദ്രന്‍റെ വാദം.

രണ്ട് ദിവസം മുന്‍പാണ് എൻ.ഡി.എയിൽ ചേരാൻ സി.കെ ജാനുവിന് സുരേന്ദ്രന്‍ പത്ത് ലക്ഷം ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് വെളിപ്പെടുത്തിയത്. ജാനു പണം വാങ്ങിയെന്നും ഇതിന് പുറമെ തെരഞ്ഞെടുപ്പ് ചെലവിനായി ലഭിച്ച തുകയും സ്വന്തം കാര്യത്തിന് വകമാറ്റിയെന്നും സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് പറയുന്നു. ആരോപണങ്ങള്‍ തെറ്റെന്നും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നുമായിരുന്നു സി.കെ ജാനുവിന്‍റെ പ്രതികരണം. സുരേന്ദ്രനും ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.

ജാനു പണം ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യവസ്ഥാപിതമായ രീതിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം നൽകിയിട്ടുണ്ടെന്നുമായിരുന്നു സുരേന്ദ്രന്‍റെ വാദം. ജാനുവിന് തന്നോട് സംസാരിക്കാന്‍ ഇടനിലക്കാരുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കെതിരെ നടക്കുന്നത് പോലെ സി കെ ജാനുവിനെതിരെ നടക്കുന്നതും അസത്യപ്രചരണങ്ങളാണെന്നും സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മാര്‍ച്ച് 7 ന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചാണ് പണം കൈമാറിയതെന്നാണ് പ്രസീത പറയുന്നത്. അവിടേക്കാണ് സുരേന്ദ്രന്‍ വന്നത്. തങ്ങളോട് റൂമിന് പുറത്ത് നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രസീത പറഞ്ഞു. ഇവര്‍ പോയതിന് ശേഷം പണം കിട്ടിയെന്ന് സി കെ ജാനുവും തങ്ങളോട് പറഞ്ഞതായി പ്രസീത വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *