ചെന്നൈ: കൊവിഡ്-19 കേസുകളിൽ നേരിയ കുറവ് സംഭവിച്ചെങ്കിലും തമിഴ്‌നാട്ടിൽ ലോക്ക്‌ഡൗൺ നീട്ടി. സംസ്ഥാനത്ത് ജൂൺ 14 വരെ ലോക്ക്‌ഡൗൺ നീട്ടിയതായി സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.
കൊവിഡ് കേസുകൾ കൂടുതലുള്ള കോയമ്പത്തൂർ, മധുര, തിരുപ്പൂർ എന്നിവടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരും. 11 ജില്ലകളിലാണ് കർശന നിയന്ത്രണങ്ങൾ തുടരുക. കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഈറോഡ്, സേലം, കരൂർ, നാമക്കൽ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുരൈ എന്നിവയാണ് പതിനൊന്ന് ജില്ലകൾ. അതേസമയം, കൊവിഡ് കേസുകൾ കുറഞ്ഞ ചെന്നൈ അടക്കമുള്ള നഗരങ്ങളിലും പ്രദേശങ്ങളിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.