കൊവിഡ് രൂക്ഷമാകുന്നതിനിടെ ഓക്‌സിജൻ പ്ലാന്റുകളുമായി യുകെയിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ കാർഗോ വിമാനം ഇന്ത്യയിലേക്കെത്തും. 18 ടൺ ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന മൂന്ന് പ്ലാന്റുകളും 1000 വെന്റിലേറ്ററുകളുമാണ് ഇന്ത്യയിലെത്തുക. ഏറെ പ്രതിസന്ധികൾ നേരിടുന്ന കൊവിഡിന്റെ രണ്ടാം തരംഗത്തിനിടെയാണ് യുകെയുടെ സഹായം.
നോർത്തേൺ അയർലന്റിലെ ബെൽഫാസ്റ്റിൽ നിന്നാണ് ആന്റോനാവ് 124 കാർഗോ വിമാനം പുറപ്പെട്ടത്. ഞായറാഴ്ച രാവിലെയോടെ ഇന്ത്യയിലെത്തുമെന്നാണ് വിവരം. ഫോറിൻ കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസിന്റെ നേതൃത്വത്തിലാണ് ഓക്‌സിജൻ പ്ലാന്റുകൾ ഇന്ത്യയിലെത്തിക്കുന്നത്. റെഡ് ക്രോസിന്റെ സഹായത്തോടെ രാജ്യത്തെ വിവിധ ആശുപത്രികളിലേക്ക് കൈമാറും. ഓരോ ഓക്‌സിജൻ ജനറേറ്റർ യൂണിറ്റുകളിൽ നിന്നും മിനിറ്റിൽ 500 ലിറ്റർ ഓക്‌സിജൻ വരെ ഉത്പാദിപ്പിക്കാനാകും. ഇതുമൂലം ഒരു സമയം 50 പേരുടെ ജീവൻ രക്ഷിക്കാനാകും.